domenica 14 ottobre 2012

പുന്നത്തുറ: ഇടശേരില്‍ (കുടുന്തയില്‍) )ജോസഫ്‌ നിര്യാതനായി

പുന്നത്തുറ: ഇടശേരില്‍ (കുടുന്തയില്‍) നിര്യാതനായ ജോസഫ്‌ (ഏപ്പൂട്ടി- 81)നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച (14/10/12) ഉച്ചകഴിഞ്ഞ്‌ 3.30നു പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ: വാകത്താനം ഊന്നുകല്ലേല്‍ ഏലിക്കുട്ടി. മക്കള്‍: ജോസുകുട്ടി, പെണ്ണമ്മ, ആലീസ്‌. മരുമക്കള്‍: എല്‍സമ്മ, ജോസ്‌, വല്‍സന്‍.

sabato 10 dicembre 2011

മുല്ലപ്പെരിയാര്‍ പ്രക്ഷോഭയാത്രക്ക് അയര്‍ക്കുന്നത്ത് സ്വീകരണം.

അയര്‍ക്കുന്നം: യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാപ്രസിഡന്റ് സജീവ് മഞ്ഞക്കടമ്പലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മുല്ലപ്പെരിയാര്‍ പ്രക്ഷോഭയാത്രക്ക് അയര്‍ക്കുന്നത്ത് സ്വീകരണം നല്കി. അഡ്വ.ജോസഫ് ചാമക്കാല, ബെന്നി വടക്കേടം കെ.എസ് ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






courtesy: kidangoor express

martedì 22 novembre 2011

ഇറ്റലിയില്‍ പുന്നത്തുറ സംഗമവും പുന്നത്തുറ പള്ളി യുടെ തിരുനാളും ജനുവരി ഒന്നാം തിയതി നടത്തുന്ന വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് :


സിജോ ഇടച്ചെരില്‍ - 00393201903016 (Wind), 00393202222873 (Tim)
സൈമണ്‍ ഇഴാറാത്- 00393280458153 (wind)

പുന്നത്തുറ പള്ളിയില്‍ വി. യൂദാ തദേവൂസിന്റെ തിരുനാള്‍ സമാപിച്ചു

പുന്നത്തുറ: പുന്നത്തുറ പഴയപള്ളിയില്‍ വി. യൂദാ തദേവൂസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക്‌ ഫാ. ജിനു കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന്‌ കരുനാട്ടുകവലയിലുള്ള യൂദാശ്ലീഹായുടെ കപ്പേളയിലേക്ക്‌ പ്രദിക്ഷണം നടത്തി. ഫാ.ജേക്കബ്‌ കുറുപ്പനകത്ത്‌ തിരുനാള്‍ സന്ദേശം നല്‍കി.
സൈമണ്‍ ഈഴാറാത്തായിരുന്നു തിരുനാള്‍ പ്രസുദേന്തി.വികാരി ഫാ. സണ്ണി വേങ്ങച്ചേരില്‍ ട്രസ്റ്റിമാരായ ബിനു കണ്ണാമ്പടം, ജോണ്‍ കൊച്ചിക്കുന്നേല്‍, പോള്‍ കണിയാലില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

martedì 15 novembre 2011

ഇറ്റലിയിലേയ്ക്ക് എത്താന്‍ കുറുക്കുവഴികള്‍; നെടുമ്പാശ്ശേരിയില്‍ വ്യാജ വിവാഹറാക്കറ്റ്



കോട്ടയം: യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറി കുടുംബത്തെ രക്ഷിക്കാനുള്ള മലയാളി യുവത്വങ്ങളെ സഹായിക്കാനായി വ്യാജകല്യാണ മണ്ഡപങ്ങളും! വ്യാജവിവാഹം നടത്തി കേരളത്തില്‍ നിന്നു നെടുമ്പാശേരിയില്‍വഴി യൂറോപ്പിലേക്കു നഴ്‌സുമാരെ കടത്തുന്നുവെന്ന വിവരം ഞെട്ടലോടെയാണ് ജനംകേള്‍ക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം നല്കിയാണു നഴ്‌സുമാരെ കടത്തുന്നത്. എറണാകുളം കേന്ദ്രീകരിച്ചുള്ള വന്റാക്കറ്റാണ് ഇതിനു പിന്നില്‍. ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ എത്തുന്നവര്‍ക്കു ലഭിക്കുന്നതാകട്ടെ ഹോട്ടല്‍ ജോലിയും വീട്ടുവേലയും.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്‍നിന്നുപോയ നിരവധി പെണ്‍കുട്ടികള്‍ ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ജോലിയില്ലാതെ അലയുകയാണ്. വന്‍തുക മുടക്കി വിദേശരാജ്യങ്ങളില്‍ എത്തിയ യുവതികളുടെയും യുവാക്കളുടെയും അവസ്ഥ വളരെ ദയനീയമാണെന്നു ഇത്തരത്തില്‍ ജോലി തേടി ഇറ്റലിയിലെത്തിയ കോട്ടയം സ്വദേശിനിയായ യുവതി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തികരിച്ചു ജോലി ചെയ്യുന്നവരെ അവിടെനിന്ന് ഏജന്റുമാര്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്കി കയറ്റി അയക്കുകയാണു ചെയ്യുന്നത്. വിദേശത്തേക്കു പോകുന്നതിനു വ്യാജമായി വിവാഹം നടത്തിയാണ് ഇവരെ കയറ്റി അയക്കുന്നത്.

വിദേശത്തേക്കു പോകുന്നതിനു തയാറായ യുവതിയെയും യുവാവിനെയും ദമ്പതികളായി ചിത്രീകരിച്ചു വ്യാജ സിഡി നിര്‍മിക്കും. ഇതിനുശേഷം സിഡി നല്കി ഓസ്ട്രിയന്‍ എംബസിവഴി യൂറോപ്പില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിന് 15 ദിവസത്തേക്കു ലഭിക്കുന്ന ഷെങ്കന്‍ വിസ കൈക്കലാക്കും. ഇത്തരത്തില്‍ ലഭിക്കുന്ന വീസ നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ ഏജന്റുമാരുടെ സഹായത്തോടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തും. ഇതിനാവശ്യമായ രേഖകള്‍ കൈകാര്യം ചെയ്യുന്ന ഏജന്റിന് ആദ്യം അഞ്ചു ലക്ഷം രൂപ നല്കണം. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് 25,000 രൂപ വീതം വധുവും വരനും നല്കണം. ഓസ്ട്രിയന്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അവിടെയുള്ള മലയാളി ഏന്റുമാര്‍ ഇവരെ സ്വീകരിക്കും.

ഓസ്ട്രിയയില്‍നിന്ന് ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിലേക്കു കയറ്റി അയയ്ക്കുകയാണ് പതിവ്. മിലാന്‍, റോം, നേപ്പിള്‍, സിസിലി റെയില്‍വേ സ്റ്റേഷനിലെത്തിക്കും. എന്നാല്‍ ഇവിടെ എത്തുന്നവര്‍ക്കു ആവശ്യമായ സൗകര്യങ്ങളോ ജോലിയോ ഏജന്റുമാര്‍ ചെയ്തു കൊടുക്കാറില്ല. ഇവിടെനിന്നു വധുവരന്മാര്‍ രണ്ടായി പിരിയും. ബന്ധുക്കള്‍ ഉള്ളവരാണെങ്കില്‍ അവരോടൊപ്പം പോകാം. അല്ലാത്തവരുടെ അവസ്ഥ വളരെ ദയനീയമാണ്. യൂറോപ്പില്‍ ജോലി നല്കാമെന്നു പറയുന്നവരുടെ അടുക്കല്‍ എത്തിച്ചശേഷം ഏജന്റമാര്‍ മുങ്ങുകയാണ പതിവ്. ജോലി തേടി അലയുന്നവര്‍ അവസാനം വീട്ടുജോലി സ്വീകരിക്കേണ്ടതായി വരുന്നു. ഇവര്‍ക്കു ലഭിക്കുന്നതാകട്ടെ 600 യൂറോ മത്രം.

വീട്ടുജോലി ചെയ്യുന്ന യുവതികള്‍ പീഡനത്തിനുവരെ ഇരയാകുന്നു. ലക്ഷങ്ങള്‍ മുടക്കി വിദേശത്തേക്കു പോകുന്ന നഴ്‌സുമാര്‍ തിരികെ പോകാന്‍ മടികാണിക്കുന്നതായും പറയുന്നു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട റാക്കറ്റുകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഏതുതരം തട്ടിപ്പ് നടത്താനും കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഏജന്റുമാരുണ്ട്. ഉദാഹരണം എമിഗ്രഷന്‍ പരിശോധന. വിദേശ രാജ്യങ്ങളിലേക്ക് വിസിറ്റ് വിസയില്‍ പോകാന്‍ എത്തുന്ന യാത്രക്കാരെ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സിന്റെ പേരില്‍ തടയുന്നത് പലപ്പോഴും സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍, അനധികൃതമായി പോകാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 10,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ചെലവ്. 'ചവിട്ടിക്കയറ്റി' വിട്ടോളും. എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ഒരു പ്രശ്‌നമേയല്ല.

ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞവര്‍ഷം ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ വേളയില്‍ 'ചവിട്ടിക്കയറ്റി'ന് അല്പം ശമനം വന്നതായിരുന്നു. ഇപ്പോള്‍ എല്ലാം പഴയപടിയായി. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന 'തുക' ഏകീകരിച്ചിരിക്കുന്നതായാണ് വിവരം. ശീലമായിപ്പോയതിനാല്‍ 'തുക' കിട്ടിയില്ലെങ്കില്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അസ്വസ്ഥരാകും. വിസിറ്റ് വിസക്കാരെ തടയുന്നത് ഈ അസ്വസ്ഥതമൂലമാണ്. എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ഇല്ലെന്ന കാരണം പറഞ്ഞാണ് തടയുക. വിദേശത്തേക്കു പോകുന്നത് ജോലിക്ക് അല്ലാത്തതിനാല്‍ വിസിറ്റ് വിസക്കാരില്‍ ചിലര്‍ ഇടയും. അപ്പോഴാണ് സംഘര്‍ഷം.

കേരളത്തില്‍ തടയുന്ന യാത്രക്കാര്‍ക്ക് ചെന്നൈ, ഹൈദരാബാദ്, തൃശിനാപ്പള്ളി, മുംബയ് തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴി ഒരു തടസവും കൂടാതെ വിദേശത്തേക്ക് പോകാനാവും. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ക്കെല്ലാം എമിഗ്രേഷന്‍ നിയമം ഒരേപോലെയാണ് ബാധകമാക്കിയിരിക്കുന്നത്. ജോലിക്കു വിദേശത്തേക്കു പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്‌ളിയറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, യു.എ.ഇ അടക്കം 17 രാജ്യങ്ങളില്‍ ജോലിക്കു വേണ്ടിയല്ലാതെ പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 2007ല്‍ പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 30 വയസ്‌സില്‍ താഴെയുള്ള സ്ത്രീയാണെങ്കിലേ എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ആവശ്യമുള്ളൂ. പുരുഷനായാലും 30 വയസ് കഴിഞ്ഞ സ്ത്രീയായാലുമൊക്കെ തടയാനാണ് ഇപ്പോള്‍ ശ്രമം. ഇതുവഴി സ്വന്തംപോക്കറ്റ് വലുതാക്കുക മാത്രമാണ് റാക്കറ്റിന്റെ ലക്ഷ്യം.

giovedì 3 novembre 2011

തൊടുന്നതെല്ലാം പൊന്നാകുന്നു; സന്തോഷ് പണ്ഡിറ്റിന്റെ വെബ്‌സൈറ്റും സൂപ്പര്‍ ഹിറ്റ്

രാത്രി ശുഭരാത്രി എന്ന ഒരേ ഒരു ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള
 മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ് ഹിറ്റുകളില്‍ നിന്ന് ഹിറ്റുകള്‍ സൃഷ്ടിക്കുന്നു. തന്റെ സിനിമയായ കൃഷ്ണനും രാധയിലെയും ഈ പാട്ടും കൂടാതെ എട്ടോളം പാട്ടുകളും നെറ്റില്‍ റിലീസ് ചെയ്ത് ഏറെ പ്രേക്ഷകരെയും അതുവഴി കാശും സമ്പാദിച്ച സന്തോഷിന്റെ സിനിമ റിലീസ് ചെയ്തതും വന്‍ സംഭവമായിരുന്നു. കേരളത്തില്‍ ദീപാവലി സമയത്ത് റിലീസ് ചെയ്ത സിനിമ കാണാന്‍ യുവാക്കള്‍ ഇടിച്ചുകയറി.

മലയാള സിനിമാ ലോകത്തെ ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്. ചാനല്‍ ചര്‍ച്ചകളിലും മാഗസീന്‍ ഇന്റര്‍വ്യൂകളിലും സന്തോഷ് താരവുമായി. കൂടുതല്‍ തിയേറ്ററുകളും സിനിമ റിലീസ് ചെയ്തു. കൂടാതെ ബാംഗ്ലൂരിലേക്കും സന്തോഷിന്റെ സിനിമ കടക്കുന്നുവെന്ന വാര്‍ത്തയും. കൂടാതെ വിദേശത്തും സിനിമ റിലീസ് ചെയ്യണമെന്ന ആവശ്യം ശക്തം. ഇതിനെല്ലാം പുറമേ സന്തോഷിന്റെ പേരിലുള്ള വെബ്‌സൈറ്റും വന്‍ ഹിറ്റായി മാറുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സന്തോഷ്പണ്ഡിറ്റ്. കോം എന്ന സൈറ്റ് പുറത്തെത്തിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളുവെങ്കിലും ദിവസവും ആയിരക്കണക്കിന് പേരാണ് സൈറ്റ് സന്ദര്‍ശിക്കുന്നത്രെ.


സന്തോഷിന്റെ തന്നെ സ്വന്തമാണോ ഈ സൈറ്റെന്ന് വ്യക്തമല്ല. എങ്കിലും ആദ്യസിനിമയായ കൃഷ്ണനും രാധയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ സൈറ്റിലുണ്ട്. ഗാനങ്ങള്‍, വീഡിയോകള്‍, ഫോട്ടോ ഗ്യാലറി എല്ലാം. സൈറ്റിന്റെ ഒന്നാം പേജില്‍ സന്തോഷിന്റെ വിദ്യാഭ്യാസ യോഗ്യതകളും ഏവരേയും ഞെട്ടിക്കുന്ന തരത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇതൊന്നും പോരാഞ്ഞ് തന്റെ പുതിയ ചിത്രമായ ജിത്തു ഭായി എന്ന ചോക്ലേറ്റ് ഭായിയില്‍ ഇംഗ്ലീഷ് ഗാനവും ഉള്‍പ്പെടുത്തി സോ കോള്‍ഡ് മല്ലൂസിനെ ഞെട്ടിക്കാന്‍ തയാറെടുത്തിരിക്കുകയാണത്രെ സന്തോഷ്.

ഇംഗ്ലീഷിലും താനൊട്ടും മോശമല്ലെന്ന് ഏവരേയും അറിയിക്കുകയാണ് ഇംഗ്ലീഷ് ഗാനത്തിലൂടെ സന്തോഷ് ലക്ഷ്യമിടുന്നത്. കൃഷ്ണനും രാധയും ഉയര്‍ത്തിവിട്ട ആവേശം അടങ്ങുന്നതിന് മുന്‍പ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച് ഗാനങ്ങള്‍ യൂട്യൂബ് വഴി തന്നെ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് സന്തോഷ്.

വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന സന്തോഷിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍.

1 ഇംഗ്ലീഷില്‍ ബിരുദം

2 ജര്‍മന്‍ ഭാഷയില്‍ ഡിപ്ലോമ

3 ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം

4 ഡിപ്ലോമ ഇന്‍ ഹിന്ദിഇംഗ്ലീഷ് ട്രാന്‍സലേഷന്‍

5 സ്‌റ്റെനോഗ്രാഫി 6 ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ്(ഹയര്‍),ഹിന്ദി

7 ഡിടിപി

8 എല്‍എല്‍ബി

9 കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, വെബ്ഡിസൈനിങ്, പ്രോഗ്രാമിങ്

10 പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ മള്‍ട്ടിമീഡിയ(ഫിലിം എഡിറ്റിങ് ആന്റ് ഗ്രാഫിക്‌സ്)

11 ഗ്രാജ്വേഷന്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ്

ചാനല്‍ ചര്‍ച്ചകളില്‍ ആരെയും വീഴ്‌ത്തുന്ന നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ചതോടെ ഇപ്പോള്‍ ചാനലുകളില്‍ അഭിമുഖം നടത്തുന്ന പല വമ്പന്മാരും സന്തോഷ് പണ്ഡിറ്റ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അഭിമുഖം നടത്താനില്ലെന്ന് പറഞ്ഞ് പിന്മാറുകയാണ് എന്നറിയുന്നു. നികേഷ് കുമാര്‍ പണ്ഡിറ്റിന്റെ മുന്നില്‍ മലര്‍ന്നടിച്ചു വീണ റിപ്പോര്‍ട്ട് താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും വായിക്കാവുന്നതാണ്.

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS