giovedì 25 agosto 2011

സമയത്തെച്ചൊല്ലി തര്‍ക്കം; ബസ് തടഞ്ഞുള്ള ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു

ഏറ്റുമാനൂര്‍: പുന്നത്തുറ ഷട്ടര്‍കവലയില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ യാത്രക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 6.45നാണ് സംഭവം. സമയത്തെച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

പുന്നത്തുറ-കോട്ടയം റൂട്ടിലോടുന്ന 'പോളക്‌സ്' ബസ്സിലെ യാത്രക്കാരിയായ അതിരമ്പുഴ സെന്റ് മേരീസ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി പുന്നത്തുറ കൊച്ചുകാരയ്ക്കല്‍ സിബിയുടെ മകള്‍ ജിനുമോളെ (12) കോട്ടയം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള കുട്ടികളുടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ജിനുമോളുടെ നടുവിനാണ് പരിക്ക്. സ്‌കൂള്‍ വിട്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനി.

പുന്നത്തുറ-കോട്ടയം റൂട്ടിലോടുന്ന 'പോളക്‌സ്', 'നെവിന്‍' ബസ്സുകളിലെ ജീവനക്കാര്‍ തമ്മില്‍ നേരത്തെ, സമയത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോളക്‌സ് ബസ് ഷട്ടര്‍ കവലയിലെത്തിയപ്പോള്‍ ക്വാളീസ് കാറിലെത്തിയ ഒരു സംഘം ഗുണ്ടകള്‍ ബസ് തടയുകയും ബസ്സിനുള്ളിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. ഇതിനിടയിലാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ആക്രമണം നടത്തിയശേഷം സംഘം സ്ഥലംവിട്ടതോടെ ബസ് മുന്നോട്ട് ഓടിച്ചുപോയി. ഇതിനിടെ വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിക്കുകയും കമ്പനിക്കടവ് ഭാഗത്തുവച്ച് ബസ് തടഞ്ഞുനിര്‍ത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പരിക്കേറ്റ ജിനുമോളെ ആസ്​പത്രിയിലാക്കി എക്‌സ്‌റേ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. മറ്റു യാത്രക്കാര്‍ക്ക് നിസ്സാര പരിക്കാണുള്ളത്. ബസ് ജീവനക്കാര്‍ക്കും സാരമായ പരിക്കുണ്ട്.ഏറ്റുമാനൂര്‍ പോലീസ് വിദ്യാര്‍ഥിനിയുടെ മൊഴി ആസ്​പത്രിയിലെത്തി രേഖപ്പെടുത്തി. സമയത്തെച്ചൊല്ലി കോട്ടയം -പുന്നത്തുറ റൂട്ടിലെ ബസ് ജീവനക്കാരുടെ സംഘട്ടനം യാത്രക്കാര്‍ക്ക് പേടിസ്വപ്നമായിരിക്കുകയാണ്.







courtesy: kidangoor express

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS