lunedì 31 ottobre 2011

ടി.എം.ജേക്കബ് അന്തരിച്ചു.നാളെ സംസ്ഥാനത്തു പൊതുഅവധി

Malayalam Newsകൊച്ചി: ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും സമീപത്ത് ഉണ്ടായിരുന്നു. മൃതദേ ഹം പിന്നീട് മോര്‍ച്ചറിയിലേക്കു മാറ്റി.

ഇന്നു രാവിലെ 9.30ന് എറണാകുളം ടൌണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാരം പിന്നീട് ജന്മനാടായ കൂത്താട്ടുകുളം ഒലിയപ്പുറത്ത്. ഇന്നലെ രാത്രി പത്തുമണി കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ സ്ഥിതി അങ്ങേയറ്റം വഷളായതായി ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ഡോ. ഫിലിപ്പ് അഗസ്റിന്‍ പറഞ്ഞു. രോഗം മൂര്‍ച്ഛിച്ച വിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ.എം മാണിയും ആശുപത്രിയിലെത്തിയിരുന്നു.

ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒക്ടോബര്‍ 17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. >br>
1950 സെപ്റ്റംബര്‍ 16-ന് എറണാകുളം ജില്ലയിലെ ഒലിയപ്പുറത്ത് ടി.എസ്.മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി ടി.എം. ജേക്കബ് ജനിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണു പൊതുപ്രവര്‍ത്തന ത്തിലേക്കു കടന്നത്. 1964-ല്‍ കേരള കോണ്‍ഗ്രസ് അംഗമായി. 1971-ല്‍ കേരള സ്റുഡന്റ്സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും 1972-75 കാലഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. 1976 മുതല്‍ മൂന്നു വര്‍ഷക്കാലം കേരള യൂത്ത് ഫ്രണ്ട് പ്രസിഡന്റായിരുന്നു. 1979- 82, 1987-91 കാലഘട്ടങ്ങളില്‍ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. 1977-ല്‍ പിറവത്തുനിന്ന് ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 

അഞ്ചു മുതല്‍ 11 വരെയുള്ള അസംബ്ളികളില്‍ തുടര്‍ച്ചയായി പിറവം, കോതമംഗലം മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. നാലുതവണ മന്ത്രിയായി. 1982-ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയായി. 1991 മുതല്‍ കരുണാകരന്‍ ജലസേചന, സാംസ്കാരിക വകുപ്പുകളുടെ ചുമതല ഏല്പിച്ചതും ജേക്കബിനെയായിരുന്നു. തുടര്‍ന്നുവന്ന ആന്റണി മന്ത്രിസഭയിലും ജേക്കബ് ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരള സര്‍വകലാശാല അക്കാദമിക് കൌണ്‍സില്‍ അംഗം, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്നീ നിലകളിലും ജേക്കബ് പ്രവര്‍ത്തിച്ചു. 2006-ലെ തെരഞ്ഞെടുപ്പില്‍ പിറവത്ത് പരാജയപ്പെട്ടു. 

പൊതുപ്രവര്‍ത്തനത്തിനിടയില്‍ പുസ്തക വായനയ്ക്കും എഴുത്തിനും സമയം കണ്െടത്തിയിരുന്ന ടി.എം. ജേക്കബ് എന്റെ ചൈനാ പര്യടനം എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഈ പുസ്തകം മൈ ചൈന ഡയറി എന്ന പേരില്‍ ഇംഗ്ളീഷിലേക്കു മൊഴിമാറ്റി പ്രസിദ്ധീകരിച്ചിരുന്നു. എം.എ, എല്‍.എല്‍.ബി ബിരുദധാരിയാണ്. 2011-ലെ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലം തിരിച്ചുപിടിച്ച് നിയമസഭയിലെത്തിയ ടി.എം. ജേക്കബ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പു മന്ത്രിയായി. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ റേഷന്‍ കാര്‍ഡ് വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ടി.എം. ജേക്കബിനു സാധിച്ചിരുന്നു.

ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജരാണ് ഭാര്യ ഡെയ്‌സി. (മുന്‍ മുവാറ്റുപുഴ എംഎല്‍എ പെണ്ണമ്മ ജേക്കബിന്റെ പുത്രി) മക്കള്‍: അഡ്വ. അനൂപ് ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി. മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം). മരുമക്കള്‍: അനില (ലക്ചറര്‍, ബി.പി.സി. കോളേജ്, പിറവം), ദേവ് (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, തിരുവനന്തപുരം). 

നാളെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചു.

അന്തരിച്ച മന്ത്രി ടി.എം. ജേക്കബിനോടുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയായിരിക്കുമെന്നു പ്രത്യേക മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എറണാകുളം ജില്ലയില്‍ ഇന്ന് അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജേക്കബിന്റെ മരണവിവരം അറിയിച്ചശേഷം ഇന്നു നിയമസഭ പിരിയും തിരുവനന്തപുരം: മന്ത്രി ടി.എം.ജേക്കബ് അന്തരിച്ച വിവിരം സഭാംഗങ്ങളെ ഔദ്യോഗികമായി അറിയച്ചശേഷം ഇന്നു നിയമസഭ പിരിയുമെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു. മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളൊന്നും ഉണ്ടാവില്ല. ഡിവൈഎഫ്ഐ നടത്താനിരുന്ന നിയമസഭാ മാര്‍ച്ചും മാറ്റി വച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ പരിപാടികള്‍ മാറ്റി തിരുവനന്തപുരം: ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ പരിപാടികള്‍ മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു


courtesy: kidangoor express

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS